നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ച് ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയായ നയൻതാര ;ബീയോണ്ട് ദി ഫെയറി ടെയിൽ അനുവാദമില്ലാതെ ക്ലിപ്പുകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ നോട്ടീസ് അയച്ചു തമിഴ് ചിത്രമായ ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ. സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചുവെന്നും, നഷ്ടപരിഹാരമായി അഞ്ചു കോടി രൂപ നൽകണമെന്നുമാണ് സിനിമയുടെ നിർമ്മാണ കമ്പിനിയായ ശിവാജി പ്രൊഡക്ഷൻസ് അയച്ച നോട്ടീസിൽ പറയുന്നത്. ഈ ക്ലിപ്പുകൾ ഉൾപ്പെടുത്തുന്നത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് വക്കീൽ നോട്ടീസ് ആരോപിക്കുന്നു.
മലയാള ചിത്രമായ മണിച്ചിത്രത്താഴിന്റെ 2005ൽ പുറത്തിറങ്ങിയ തമിഴ് പതിപ്പാണ് ചന്ദ്രമുഖി. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ ജ്യോതിക നയൻതാര, പ്രഭു, വടി വേലു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രഭുവും സഹോദരൻ രാംകുമാർ ഗണേശനും ചേർന്ന് ശിവാജി പ്രൊഡക്ഷൻസിലൂടെയാണ് ചന്ദ്രമുഖി നിർമ്മിച്ചത്.
ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ കേസ് ഫയൽ ചെയ്തതോടെ നയൻതാര വീണ്ടും ഒരു നിയമ കുരുക്കിൽ പെട്ടിരിക്കുകയാണ്.
നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായി നിയമ പോരാട്ടത്തിലാണ് നയൻതാരയും നെറ്റ്ഫ്ലിക്‌സും. നാനും റൗഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്‍റെ നിർമ്മാണ കമ്പിനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിന് ധനുഷിനെതിരെ തുറന്ന കത്തിലൂടെ നയൻതാര രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണിപ്പോള്‍ ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.ഡോക്യുമെൻ്ററി ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്