97 ആമത് ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രം

അനൂജ : ഇന്ത്യൻ ബാല്യത്തിന്റെ മറ്റൊരു മുഖം;

Update: 2025-01-24 09:21 GMT

97 ആമത് ഓസ്കാർ നോമിനേഷനിൽ ഇന്ത്യയുടെ പ്രതീക്ഷ വിഫലം . ഓസ്‌കാർ നോമിനേഷന്റെ പ്രഥമ പട്ടികയിൽ നിന്നും ആടുജീവിതം , ഓൾ വി ഇമാജിൻ അസ് ലൈറ്റ് , കങ്കുവ എന്നീ ചിത്രങ്ങൾ നോമിനേഷനിൽ നിന്നും പുറത്തായി. ഗുനീത് മോങ്ക , പ്രിയങ്ക ചോപ്ര എന്നിവർ ചേർന്ന് നിർമ്മിച്ച് ആഡം ജെ ഗ്രേവ്സ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഹ്രസ്വചിത്രം അനൂജ ഓസ്കാർ നോമിനേഷനിലേക്കുള്ള പട്ടികയിൽ ഇടം നേടി. ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രമാണ് അനൂജ. ലോസ് ആഞ്ചൽസിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് അധികൃതർ 24 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനാണ് പുറത്തുവിട്ടത്. ലൈവ് ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. വസ്ത്രവ്യാപാര മേഖലയിലെ ബാലവേലയാണ് ചിത്രത്തിന് പ്രമേയം. ഡൽഹിയിലെ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒമ്പതുവയസുകാരിയായ അനൂജ, പതിനേഴ് വയസുകാരിയായ പാലക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത് . നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ ചിത്രം നേടിയിട്ടുണ്ട്. ഇവർ ജോലി ചെയ്യുന്ന ഫാക്ടറിയിലേക്കെത്തുന്ന ഒരു സാമൂഹ്യ പ്രവർത്തക ഇവരെ കാണാൻ ഇടവരുന്നു. പിന്നീട് അവർ ആ കുട്ടികളെ അവിടെ നിന്നും രക്ഷപ്പെടുത്തുന്നു. പിന്നീട് ആ കുട്ടികൾക്ക് പ്രശസ്തമായ ഒരു ബോർഡിങ് സ്കൂളിൽ പഠിക്കാനുള്ള പരീക്ഷയെഴുതാനുള്ള അവസരമൊരുക്കുന്നു. ഇതിനായി ആ സഹോദരികൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് അനൂജ എന്ന ഹ്രസ്വചിത്രം.

വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശമാണ് . പക്ഷെ ഇപ്പോഴും അതിനു സാധിക്കാത്ത നിരവധി കുട്ടികൾ ബുദ്ധിമുട്ടുന്നുണ്ട്. രാജ്യത്തിന്റെ ഒരു കോണിൽ വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ട് അതിനു സാധിക്കാതെ കഴിയുന്ന നമ്മൾ കാണാത്തതും പരിചയപ്പെടാത്തതുമായ ജീവിതങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അനൂജ. ഇതും രാജ്യത്തെ കുട്ടികളുടെ ഒരു മുഖമാണെന്ന് കാണിച്ചു തരികയാണ് ഈ ഹ്രസ്വചിത്രം.

ആളിപ്പടരുന്ന കാട്ടുതീയെ തുടർന്ന് നിരവധി തവണ മാറ്റി വച്ച നോമിനേഷൻ പ്രഖ്യാപനമാണ് വ്യാഴാഴ്ച നടന്നത്. നോമിനേഷനുകളിൽ മുന്നിൽ നിൽക്കുന്നത് ഫ്രഞ്ച് സിനിമയായ എമിലിയ പെരസാണ്.13 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓസ്കാർ നോമിനേഷനിൽ ഇടം നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവാണ് എമിലിയ പെരസിലൂടെ മികച്ച നടിയായായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ . 10 നോമിനേഷനുകൾ നേടിക്കൊണ്ട് നോമിനേഷൻ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് അമേരിക്കൻ ഫാന്റസി ചിത്രമായ വിക്ക്ഡ് ആണ്.

Tags:    

Similar News