കുളിക്കാൻ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല: നവ്യ നായർ
നൃത്തം ചെയ്യുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്ന് നടി നവ്യ നായർ. നൃത്തം തന്നെ സങ്കടങ്ങളിൽ നിന്നും മോചിപ്പിച്ചു. രാവിലെ എഴുന്നേറ്റ് വന്ന് കുളിക്കാൻ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശിയോടെ മുടങ്ങാതെ ചെയ്തു എന്നാണ് നവ്യ പറഞ്ഞത്.
‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തംചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽക്കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടിനിന്ന് നൃത്തം ചെയ്തുകൊണ്ടേയിരിക്കുക’ എന്ന് ഇൻസ്റ്റഗ്രാമിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഈ വരികളിൽ ആത്മസങ്കടം മുഴുവനുമുണ്ടായിരുന്നു.
ആ വരികൾ അന്നും ഇന്നും എപ്പോഴും പ്രസക്തമാണ്. ഞാൻ ജീവിതത്തിൽ കുറെ സങ്കടങ്ങൾക്ക് നടുവിലേക്ക് വീണുപോയപ്പോൾ എനിക്ക് ആശ്വാസത്തിന്റെ പിടിവള്ളിയായത് നൃത്തം മാത്രമാണ്. സങ്കടങ്ങളാൽ മനസ് തകർന്നിരുന്ന എത്രയോ ദിവസങ്ങളുണ്ടായിട്ടുണ്ട്. എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാൻ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്.
പക്ഷേ, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശി പോലെ മുടങ്ങാതെ ചെയ്തു. എത്ര വേദനയുണ്ടായാലും അതെല്ലാം മനസിലൊതുക്കി നൃത്തം ചെയ്തു കൊണ്ടേയിരുന്നു. നൃത്തം ചെയ്ത് വിയർത്തൊഴുകി നിൽക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രത്യേക ആനന്ദാവസ്ഥയുണ്ട്. വാക്കുകളിൽ പറയാനാകില്ല. അനുഭവിച്ചാൽ മാത്രം കൈവരുന്ന ആനന്ദം, അനന്താനന്ദം എന്നൊരവസ്ഥ. പനി വന്നാൽ ആവി പിടിക്കാറില്ലേ? അതുപോലൊരു അവസ്ഥയായിട്ടാണ് നൃത്തം ചെയ്ത് വിയർത്തൊഴുകുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് നവ്യ പറയുന്നത്.