മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 91-ാം പിറന്നാൾ
മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 91-ാം പിറന്നാൾ. 1933 സെപ്റ്റംബർ 23 നാണ് മധുവിന്റെ ജനനം. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകൾ നേരുകയാണ്. പ്രായാധിക്യത്തെ തുടർന്ന് തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി വീട്ടിൽ വിശ്രമത്തിലാണ് മധു ഇപ്പോൾ.
ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയർ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. ചെമ്മീനിലെ പരീക്കുട്ടി എന്ന കാമുക വേഷത്തിലൂടെയാണ് മധു മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നായകൻ, വില്ലൻ, സഹനടൻ എന്നീ റോളുകളിലെല്ലാം തിളങ്ങി.
ഓളവും തീരവും, ഏണിപ്പടികൾ, ഭാർഗവീ നിലയം, ഇതാ ഒരു മനുഷ്യൻ, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാൻ, നരൻ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളിൽ മധു അഭിനയിച്ചു. മമ്മൂട്ടിയും മോഹൻലാലും മധുവിനെ 'മധു സാർ' എന്നാണ് വിളിക്കുന്നത്. ആ വിളിയിൽ ഉണ്ട് മലയാള സിനിമയ്ക്ക് മധു ആരാണെന്ന് ! സംവിധായകൻ, നിർമാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. 2004 ൽ സംസ്ഥാന സർക്കാർ ജെ.സി.ഡാനിയേൽ പുരസ്‌കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.