മാളികപ്പുറത്തിൽ നിന്ന് മാർക്കോയിലേക്കുള്ള ഉണ്ണിമുകുന്ദന്റെ വേഷപ്പകർച്ച: അത്ഭുതം പങ്ക് വച്ച് ചിയാൻ വിക്രം.
'മാർക്കോ'യിലെ അഭിനയത്തിൽ ഉണ്ണിമുകുന്ദനെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. ഏറ്റവും പുതിയ സിനിമയായ 'വീര ധീര സൂര'ൻ്റെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദനെയും മാർക്കോയെയും അദ്ദേഹം പ്രശംസിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ 'മാർക്കോ' പോലെ ആക്ഷൻ സീനുകളുള്ള മറ്റൊരു ചിത്രം ഇല്ലെന്നാണ് വിക്രം പറഞ്ഞത്. "മാളികപ്പുറ'ത്തിൽ അഭിനയിച്ച ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി 'മാർക്കോ'യിൽ അഭിനയിച്ചതെന്ന് ഓർത്ത് അദ്ഭുതപ്പെട്ടെന്നും താരം പറഞ്ഞു.
"ഒടിടി വന്നതിനു ശേഷം ഞാൻ എല്ലാ മലയാള പടങ്ങളും കാനാറുണ്ടെന്ന് ചിയാൻ വിക്രം പറഞ്ഞു. രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയവ അത്തരത്തിൽ അടുത്തിടെ കണ്ട ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മാർക്കോയെ പ്രശംസിച്ച വിക്രം ആവേശ'വും അത്തരത്തിൽ ഇഷ്ടമായ ചിത്രമാണെന്ന് പറഞ്ഞു. കൂടാതെ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും നല്ലതാണെന്ന് പറഞ്ഞ അദ്ദേഹം മലയാളസിനിമ വളർന്നുകൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ധ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം, സൈന്യം, രജപുത്രൻ തുടങ്ങി നിരവധി മലയാള സിനിമകളിൽ ചിയാൻ വിക്രം അഭിനയിച്ചിട്ടുണ്ട്.