ഞങ്ങളുടെ മനയിലേയ്ക്ക് സ്വാഗതം ..... ബേസിൽ ജോസഫ് ഷെയ്ക്ക് ഹാൻഡ് യൂണിവേഴ്സിലേയ്ക്ക് ഇനി മന്ത്രി ശിവൻകുട്ടിയും
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ബേസിൽ ജോസഫിന്റെ ഷെയ്ക്ക് ഹാൻഡ് ശാപം വൈറലായ ഒന്നാണ്. ഇപ്പോൾ ആ യൂണിവേഴ്സിലേയ്ക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും എത്തിയിരിക്കുകയാണ്. കേരള സ്കൂൾ കലോത്സവ സമാപന വേദിയിൽ വച്ച് പ്രസംഗിച്ച ശേഷം തന്റെ സീറ്റിലേക്ക് മടങ്ങുന്ന ആസിഫ് അലിക്ക് മന്ത്രി കൈ നീട്ടി. എന്നാൽ അത് ശ്രദ്ധിക്കാതെ നടന്നുപോയി സീറ്റിലിരുന്ന ആസിഫ് അലിയെ വിളിച്ചു ടൊവിനോ തോമസ് മന്ത്രിയ്ക്ക് കൈ കൊടുക്കുകയായിരുന്നു. ഈ വീഡിയോ മന്ത്രി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'ഞാനും പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. പോസ്റ്റ് നു താഴെ കമെന്റുമായി ടോവിനോയും ബേസിലും എത്തുമെന്നുള്ള കാര്യം പിന്നെ പറയണോ ! 'വെൽക്കം സാർ വെൽക്കം ഞങ്ങളുടെ മനയിലേക്ക് സ്വാഗതം 'എന്നാണ് ബേസിൽ ജോസഫിന്റെ കമെന്റ്. 'തക്ക സമയത്ത് താൻ ഇടപെട്ടതുകൊണ്ട് രക്ഷപെട്ടു' എന്നായിരുന്നു ടോവിനോയുടെ കമെന്റ്. മന്ത്രി വി എൻ വാസവൻ , മന്ത്രി എം ബി രാജേഷ് , ആർ ജെ മിഥുൻ എന്നിവരും കമെന്റുമായി എത്തിയിട്ടുണ്ട്. ഇതിനു ഒരു അവസാനം ഇല്ലേ എന്നാണ് പലരും തമാശയായി ചോദിക്കുന്നത്. 10 മില്യൺ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. മന്ത്രിയുടെ പേജിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോയും ഏതു തന്നെയാണ്.
കഴിഞ്ഞ വർഷമാണ് ബേസിൽ ശാപം ആരംഭിക്കുന്നത്. സൂപ്പർ ലീഗ് കേരളം ഫുട്ബോൾ സമ്മാനദാന ചടങ്ങിനിടെ ടീമിലെ ഒരു മത്സരാർത്ഥിയ്ക്ക് ബേസിൽ കൈ നീട്ടിയെങ്കിൽ അത് കാണാതെ നടൻ പൃഥ്വിരാജിന് മത്സരാത്ഥി ഷേക്ക് ഹാൻഡ് നൽകി മടങ്ങുകയായിരുന്നു. ഈ വീഡിയോ വൈറലായതിനു പിന്നാലെയാണ് ഈ സംഭവത്തിന് തുടർ കഥകൾ അരങ്ങേറുന്നത്. ബേസിലിന്റെ ആ വിഡിയോയ്ക്ക് ടോവിനോയും നസ്രിയയും സഞ്ജു സാംസണും ഉൾപ്പെടെ നിരവധി പേര് കമന്റ് ചെയ്തിരുന്നു. ഇതോടുകൂടി ഷേക്ക് ഹാൻഡ് നൽകി ചമ്മി പോകുന്നവർക്ക് ''ബേസിൽ സംഭവം എന്ന് പേരും വന്നു''. പിന്നീട് നടൻ സൂരജ് വെഞ്ഞാറമൂട്, മമ്മൂട്ടിയും രമ്യ നമ്പീശനും ഈ ലിസ്റ്റിലേയ്ക്ക് എത്തിയിരുന്നു.