ലക്കി ബാസ്ക്കറെന്ന് കേട്ടപ്പോൾ വാപ്പച്ചിയുടെ സിനിമയാണ് ഓർമ്മ വന്നത്: ദുൽഖർ സൽമാൻ
‘ലക്കി ഭാസ്‌കർ’ എന്ന ചിത്രത്തിന്റെ പേര് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് വാപ്പച്ചിയുടെ സിനിമ ആണെന്ന് ദുൽഖർ സൽമാൻ. തനിക്ക് ഇഷ്ടപ്പെട്ട സിനിമയായ ‘ഭാസ്‌കർ ദി റാസ്‌കൽ’ ആണ് ഓർമ്മ വന്നത് എന്നാണ് ദുൽഖർ പറയുന്നത്. വെങ്കി എന്തൊക്കെയോ മനസിൽ കണ്ടുകൊണ്ടാണ് ഈ ടൈറ്റിൽ ഇട്ടതെന്നാണ് തോന്നുന്നതെന്നും ദുൽഖർ പറഞ്ഞു.
വെങ്കി ഈ സിനിമയുടെ കഥ പറഞ്ഞതിന് ശേഷമാണ് ടൈറ്റിൽ വെളിപ്പെടുത്തിയത്. ലക്കി ഭാസ്‌കർ എന്ന് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് വാപ്പച്ചിയുടെ ഭാസ്‌കർ ദി റാസ്‌കൽ എന്ന സിനിമയാണ്. ആ പേരിന് എന്തോ ഒരു പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.
വാപ്പച്ചിയുടെ ഭാസ്‌കർ ദി റാസ്‌കൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. ആ പടത്തിലെ കോമഡികളും വാപ്പച്ചിയും നയൻതാരയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം മനോഹരമാണ്. ഭാസ്‌കർ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ കുടുംബത്തിൽ അങ്ങനെ ഒരാൾ ഉണ്ടെന്ന് തോന്നാറുണ്ട്.
വെങ്കി എന്തൊക്കെയോ മനസിൽ കണ്ടുകൊണ്ടാണ് ഈ ടൈറ്റിൽ ഇട്ടത് എന്നാണ് എനിക്ക് തോന്നുന്നത്. സെറ്റിലൊക്കെ ചില സമയം എന്നെ നോക്കി എന്തോ അർത്ഥം വെച്ച് ലക്കി ഭാസ്‌കർ എന്ന് വിളിക്കാറുണ്ട്. എനിക്ക് അത് കേൾക്കുമ്പോൾ ചിരി വരും എന്നാണ് ദുൽഖർ പറയുന്നത്. അതേസമയം, ഒരു വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്‌കർ.