രശ്മിക മന്ദാന - ദീക്ഷിത് ഷെട്ടി ചിത്രം 'ദ ഗേൾഫ്രണ്ട്' ടീസർ പുറത്ത്

Update: 2024-12-10 06:09 GMT

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'ദ ഗേൾഫ്രണ്ടി'ൻ്റെ ടീസറിലെ ഓരോ ദൃശ്യവും ആകർഷകമാണ് എന്നും ഈ സിനിമ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ടീസർ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. 8 വർഷം മുമ്പ് സെറ്റിൽ വച്ചാണ് താൻ രശ്മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, അവൾ എന്നത്തേയും പോലെ താഴ്മയോടെ തുടരുന്നു എന്നും, ഒരു നടിയെന്ന നിലയിൽ ദ ഗേൾഫ്രണ്ട് അവൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്, അവൾ ആ ഉത്തരവാദിത്തം വിജയകരമായി ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിജയ് ദേവരകൊണ്ട പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകൻ രാഹുൽ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ചിത്രത്തിൻ്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രശ്മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേൾഫ്രണ്ടിൻ്റെ ടീസർ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്മികയുടെയും കഥാപാത്രങ്ങളെ ടീസർ പരിചയപ്പെടുത്തുകയും അവർ തമ്മിലുള്ള മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു. കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്ദമാണ് ടീസറിൻ്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. ടീസറിന്റെ അവസാനത്തിൽ ഹെഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തല സംഗീതത്തിൽ രശ്മികയുടെ ഡയലോഗ് കൂടിയുള്ള ടീസർ എല്ലാവരെയും ആകർഷിക്കുന്നു. വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും.

ഛായാഗ്രഹണം-കൃഷ്ണൻ വസന്ത്, സംഗീതം-ഹെഷാം അബ്ദുൾ വഹാബ്, വസ്ത്രാലങ്കാരം-ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ- എസ്. രാമകൃഷ്ണ, മൌനിക നിഗോത്രി, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി

Tags:    

Similar News