തെറ്റ് ചെയ്യുന്ന ദൈവപുത്രൻ ടോവിനോ തോമസ് ആണോ? എമ്പുരാനിലെ വില്ലൻ ആര്?
ട്രെയ്‌ലർ നൽകുന്ന സൂചന എന്ത് ?;
"ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാൻ" കഴിഞ്ഞ ദിവസം പുലർച്ചെ ഇറങ്ങിയ എമ്പുരാന്റെ ട്രെയിലറിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണിത്. ആരാണീ ദൈവപുത്രൻ? സ്റ്റീഫൻ നെടുമ്പള്ളി ദൈവമായ ആരാധിക്കുന്നത് പി കെ രാം ദാസ് എന്ന തന്റെ വളർത്തച്ചനെയാണ്. അങ്ങനെ ആകുമ്പോൾ ദൈവപുത്രൻ എന്ന് കൊണ്ട് ഉദ്ദേശിച്ചത് പി കെ രാംദാസിന്റെ മകനായ ജതിൻ രാംദാസിനെയാണോ? ആ ദൈവപുത്രൻ തെറ്റ് ചെയ്യുന്നത് കൊണ്ട് താൻ ചെകുത്താനെ കൂട്ടുപിടിക്കുകയാണെന്നാണോ എബ്രഹാം ഖുറേഷി പറയുന്നത്?
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്റെ ട്രെയിലറെത്തിയപ്പോൾ അതിൽ മോഹൻലാൽ ഉൾപ്പടെ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം അണിനിരന്നിട്ടുണ്ട്. അപ്പോഴും ചിത്രത്തിലെ വില്ലൻ ആരെന്ന് വ്യക്തമാകുന്നില്ല. അതെ കുറിച്ചു യാതൊരു സൂചനയും ചിത്രത്തിൻറെ ട്രെയ്‌ലർ നൽകുന്നില്ല . അതേത്തുടർന്നാണ് ഇത്തരത്തിൽ ട്രെയിലറിനുള്ളിലെ ഡയലോഗുകളിലൂടെ തന്നെ വില്ലനെ കണ്ടുപിടിക്കാൻ പ്രേക്ഷകർ ശ്രമം നടത്തുന്നത്.
എമ്പുരാനിലെ വില്ലൻ ടോവിനോ തോമസ് ആണോ എന്നതാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. അതിനായി എബ്രഹാം ഖുറേഷി പറയുന്ന ഡയലോഗുകൾ കൂടാതെ ട്രെയിലറിന്റെ തുടക്കത്തിൽ പി കെ രാംദാസ് പറയുന്ന "എന്റെ മക്കളല്ല എന്റെ പിന്തുടർച്ചക്കാർ എന്നെ പിന്തുടരുന്നവർ ആരാണോ അവരാണ് എന്റെ മക്കൾ" എന്ന ഡയലോഗും ആ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. അതായത് പി കെ രാംദാസിന്റെ പാതയിൽ നിന്ന് മാറി സഞ്ചരിക്കുന്നത് എബ്രഹാം ഖുറേഷ്യയാണോ അതോ ജിതിൻ രാംദാസ് ആണോ?
" രക്തബന്ധത്തിനെക്കാൾ വലുത് മനുഷ്യജീവൻ ആണ് "എന്ന് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശനിയുടെ കഥാപാത്രം പറയുന്നതും ടോവിനോ തോമസിനെ തള്ളിപ്പറയുന്നതുകൊണ്ടാണോ എന്ന് പ്രേക്ഷകർ കഥയെഴുതുന്നുണ്ട്. അതോ ഇനി ഏതെങ്കിലും ഒരു ഘട്ടത്തിൽ ജിതിൻ രാംദാസിന്റെ ജീവൻ അപകടത്തിൽ ആകുന്ന അവസരത്തിലാണോ പ്രിയദർശിനി അത് പറയുന്നത് ? . എന്തായാലും ട്രെയ്‌ലർ കണ്ടുള്ള കഥയെഴുത്ത് തകൃതിയായി നടക്കുന്നുണ്ട്.
എമ്പുരാന്റെ ഒന്നാം ഭാഗം ആയ ലൂസിഫറിൽ മുഖ്യമന്ത്രിയായ പി കെ രാംദാസിന്റെ മരണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു മകനായ ജിതിൻ രാം ദാസ്. വിദേശത്ത് പഠിച്ചു വളർന്ന ജതിൻ മുണ്ടുടുക്കാനും അറിയാം മുണ്ട് മടക്കി കുത്താനും അറിയാം എന്ന് പറഞ്ഞ് ചിത്രത്തിൽ നടത്തുന്ന പ്രസംഗത്തിന് പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. അതുകൊണ്ടുതന്നെ നെഗറ്റീവ് റോളിൽ ആയാലും പോസിറ്റീവ് റോളിൽ ആയാലും അത്രതന്നെ ആകാംക്ഷ ടോവിനോ തോമസിന്റെ കഥാപാത്രത്തിൽ ആരാധകർക്കുണ്ട്.
ഇനി ചിത്രത്തിന്റെ വില്ലനിലേക്ക് വന്നാൽ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നതാണ്. അതല്ല മമ്മൂട്ടിയാണ് ചിത്രത്തിൽ വില്ലനായിട്ട് വരുന്നത് എന്ന് പറയുന്നവരും കുറവല്ല. എന്തായാലും എല്ലാ ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് ചിത്രം മാർച്ച് ഏഴിന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ ഫ്രാൻചെയ്സിയിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാന്റെ ഓരോ അപ്ഡേഷനുകളും അത്രതന്നെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. അപ്പോഴാണ് കാത്തിരിപ്പിന് ചെറിയൊരു ആശ്വാസം എന്നോണം ചിത്രത്തിന്റെ ട്രെയിലർ വ്യാഴാഴ്ച പുലർച്ചെ റിലീസ് ആയത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ മറ്റാരുമറിയാത്ത ആ ഭൂതകാലം എന്താണെന്നും അവിടെ എബ്രഹാം ഖുറേഷി ആരാണ് എന്നുമുള്ള ആകാംക്ഷ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറും മുന്നോട്ടുവയ്ക്കുന്നത്.
https://youtu.be/PGqltBCo6cU?si=2lJiWj9ocO69w1rn