ജാനകിക്കുട്ടിയുടെ പ്രിയപ്പെട്ട കുഞ്ഞാത്തോൽ ; എന്ന് സ്വന്തം ജാനകികുട്ടി ഒരു ഗൃഹാത്വരത്തിന്റെ ഓർമ്മ

Update: 2024-10-06 15:39 GMT

എം ടിയുടെ ജാനകി കുട്ടിയേയും അവളുടെ പ്രിയപ്പെട്ട കുഞ്ഞാത്തോലിനെയും കണ്ടവരാരും മറക്കില്ല ആ ചിത്രം. 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന എംടിയുടെ തന്നെ ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്റെ സംവിധാനത്തിൽ 1998-ൽ മലയാള സിനിമയ്ക്ക് കിട്ടിയ ഒരു പൊൻതൂവൽ. അതാണ് 'എന്ന് സ്വന്തം ജാനകികുട്ടി'.പത്താം തരം പഠിക്കുന്ന ജാനിക്കുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്. അമ്മയും വല്യച്ചനും വല്യമ്മയും ചേച്ചിയും ചേട്ടനും കാര്യസ്ഥനും പിന്നെ അവളുടെ പ്രിയപ്പെട്ട അക്കര മുത്തശ്ശിയും അടങ്ങുന്ന ആ വലിയ വീട്ടിൽ അവൾ ഒറ്റക്കായിരുന്നു എന്ന് അവളിലൂടെ തന്നെ കാഴ്ചക്കാരനു മനസ്സിലാകും.കൗമാരത്തിൽ ലോഹ്യം കൂടാനുള്ള അവളുടെ ആവേശത്തിന് മുള പാകിയത് കാര്യസ്ഥന്റെ മകൻ ഭാസ്‌ക്കരൻ ആയിരുന്നു. സ്കൂൾ കഴിഞ്ഞു അവൾ മടങ്ങി വരുന്ന വഴിയിൽ ചൂണ്ട ഇടാൻ എന്ന രീതിക്ക് കാഡ്ബറിസുമായി അവൻ നിൽപ്പുണ്ടായിരിക്കും. പറമ്പിലും പാടത്തുമായി ജനിക്കുട്ടിയുടെ ലോകം മാറുമ്പോൾ ആണ് അക്കര മുത്തശ്ശി ഇല്ല പറമ്പിലേക്കുള്ള പ്രവേശനം വിലക്കുന്നത്. അവിടെ മറ്റേ കൂട്ടരുടെ വാസ സ്ഥലമാണെന്നും പറഞ്ഞു അവളെ താക്കീത് ചെയ്യുന്നുമുണ്ട് .ഒടുവിൽ ഒരു ദിവസം തന്റെ പ്രിയകൂട്ടുകാരൻ വല്യച്ഛന്റെ മോളെയാണ് സ്നേഹിക്കുന്നതെന്ന് അറിയുമ്പോൾ അവളുടെ കുഞ്ഞു മനസ്സ് തകരുന്നുണ്ട്. പ്രിയപെട്ടതിനെ നഷ്ടമായപ്പോൾ വിഷമിച്ചുകൊണ്ട് ഓടി കിതച്ച് എല്ലാ പറമ്പിൽ അവൾ വീണു കിടക്കുമ്പോൾ പിടിച്ചുയർത്തുന്നത് കുഞ്ഞാത്തോലാണ്


വെള്ളമുണ്ടും നേര്യതും ഉടുത്ത് ,പാലക്കാ മാലയും അണിഞ്ഞു,മുറുക്കി ചുവന്ന ചുണ്ടുകളുമായി വിടർന്ന ചിരിയും കൊണ്ട് ഓടി വരുന്ന ആ വെള്ളാരം കണ്ണുള്ള യക്ഷിയെ കണ്ടു ജാനകികുട്ടി പേടിച്ചിരുന്നില്ല.മുത്തശ്ശി പറഞ്ഞ കഥയിലെ കുഞ്ഞാത്തോലായിരുന്നില്ല അവൾ കണ്ടത്. അതുവരെയുള്ള യക്ഷി സങ്കല്പങ്ങളെ എല്ലാം പൊളിച്ചെഴുതിയ എംടിയുടെ കുഞ്ഞാത്തോലായിരുന്നു അത്.അതുവരെയും എല്ലാവരുള്ള ആ വീട്ടിലിലെ ഏകാന്തത ഒറ്റപെടുത്തിയ ജനിക്കുട്ടിയെ കുഞ്ഞാത്തോലിന്റെ കൂട്ടുകാരിയായി മാറി.പിന്നെ വെട്ടു കളിക്കാനും കൊത്താൻ കല്ല് ആടാനും നീലിയുമൊത്ത് കവടി കളിക്കാനും കുഞ്ഞാത്തോൽ അവളെയും കൂട്ടുന്നു. അവളെ വേദനയിപ്പിക്കുന്നവരെ ശിക്ഷിക്കാനും അവളുടെ കുസൃതികൾക്ക് കൂട്ടുകൂടാനും കുഞ്ഞാത്തോലും ഒപ്പം ചേർന്നു. ഒടുവിൽ ആരും കാണാത്തത് അവൾ കാണുമ്പോഴും പറയുമ്പോഴും ബാധ കൂടിയതെന്ന് വീട്ടുക്കാർ മുദ്രകുത്തുന്നു. നാട്ടിൻ പുറത്തിന്റെ നന്മയും കൂട്ടുകുടുംബത്തിലെ ബന്ധങ്ങളുടെ പരസ്പര സ്നേഹവും സന്തോഷവും പൊളിച്ചെഴുതുന്ന എം ടിയുടെ എഴുത്ത് ഈ ചിത്രത്തിലും പ്രകടമാക്കിയിട്ടുണ്ട്. ജാനകി കുട്ടിയുടെയും കുഞ്ഞാത്തോലിന്റെയും സ്ത്രീ പക്ഷ രാഷ്ട്രീയം വരച്ചു കാട്ടുന്ന ചിത്രമാണ് എന്ന് സ്വന്തം ജാനകികുട്ടി. ഒറ്റപ്പെടുന്ന ജനിക്കുട്ടിക്ക് തണലായി മാറുന്ന കുഞ്ഞാത്തോലിനെയും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ നൽകുന്ന ഒരു ചിത്രം. 

Tags:    

Similar News