''ഞങ്ങൾ നിസ്സഹായരാണ്, ദയവായി സിനിമ കാണരുത് '':പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണിമുകുന്ദൻ
2024 ഡിസംബറിൽ റിലീസ് ചെയ്തതു മുതൽ തരംഗം സൃഷ്ടിച്ച മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ . എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നതായിയുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. കേരളത്തിന് പുറമെ ബോളിവുഡിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ തമിഴ് തെലുങ്കു പതിപ്പുകളും ഇപ്പോൾ തീയേറുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിൽ നടൻ ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. തങ്ങൾ നിസ്സഹായരാണെന്നും, പൈറേറ്റഡ് പതിപ്പുകൾ കാണരുതെന്നും ഉണ്ണിമുകുന്ദൻ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിൽ ആണ് ഉണ്ണിമുകുന്ദൻ അഭ്യർത്ഥന നടത്തിയത്. ഈ പോസ്റ്റ് എപ്പോൾ വൈറലായിരിക്കുകയാണ്.
'ദയവായി പൈറേറ്റഡ് സിനിമകൾ കാണരുത്. ഞങ്ങൾ നിസ്സഹായരാണ്. ഓൺലൈനിൽ സിനിമകൾ കാണാതെയും ഡൗൺലോഡ് ചെയ്യാതെയും നിങ്ങൾക്ക് മാത്രമേ ഇത് നിർത്താൻ കഴിയൂ. ഇതൊരു അഭ്യർത്ഥനയാണ്,' -എന്നാണ് ഉണ്ണിമുകുന്ദന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വ്യാജ പതിപ്പ് വന്നതിനെ തുടർന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ പൈറേറ്റഡ് പതിപ്പ് ഓൺലൈനിൽ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന ആലുവ സ്വദേശിയെ അധികൃതർ അറസ്റ്റ് ചെയ്തു. ചോർന്ന എച്ച്ഡി പതിപ്പ്, ഹിന്ദിയിൽ ഡബ്ബ് ചെയ്ത പതിപ്പ് ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ മാർക്കോയുടെ വ്യാജ പതിപ്പ് ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിച്ചിട്ടില്ല. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത മാർക്കോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദി പതിപ്പ് കാര്യമായ ജനപ്രീതി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, സ്‌ക്രീനുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായി. മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ഗൾഫ് രാജ്യങ്ങളിലും മാർക്കോ ലഭ്യമാക്കിയിട്ടുണ്ട്. 2025 ജനുവരി ഒന്നിന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്, അതേസമയം തമിഴ് പതിപ്പ് ജനുവരി 3 ന് പുറത്തിറങ്ങി.
അതിനിടെ, അന്താരാഷ്ട്ര വിപണിയിൽ മാർക്കോയ്ക്ക് ഒരു പ്രധാന നാഴികക്കല്ല് പ്രഖ്യാപിച്ചിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ. ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ മാനദണ്ഡമായി ചിത്രം ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്യും. ദക്ഷിണ കൊറിയൻ റിലീസിൻ്റെ വിതരണാവകാശം നൂറി പിക്‌ചേഴ്‌സ് സ്വന്തമാക്കി.
2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൻ്റെ പ്രീക്വാൽ ആയ മാർക്കോ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനി ആണ്.
ജഗദീഷ്, സിദ്ദിഖ്, യുക്തി താരേജ, കബീർ ദുഹാൻ സിംഗ് എന്നിവരുൾപ്പെടെ ശക്തമായ സഹതാരങ്ങളും ചിത്രത്തിൽ ഉണ്ട്.